കണ്ണൂർ: വാഹനത്തിൽ ഉരസിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാൻ വന്ന മാതാവിന് എതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സിഐ സ്മിതേഷാണ് മോശമായി പെരുമാറി വിവാദത്തിലായിരിക്കുന്നത്. സംഭവം വലിയ ചർച്ചയായതോടെ ധർമ്മടം സിഐ സ്മിതേഷിനെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണവിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പോലീസ് സ്റ്റേഷനിലെത്തിയ മാതാവിനെ ഇയാൾ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സിഐയ്ക്ക് എതിരെ ജനരോഷം ഉയർന്നിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനുമെതിരെ സിഐ സ്മിതേഷ് മോശമായി പെരുമാറുകയായിരുന്നു.
അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായും ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതായാണ് പുറത്തെത്തിയ ദൃശ്യങ്ങളിലുള്ളത്. സ്റ്റേഷനിലെ വനിതാ പോലീസ് അടക്കമുള്ളവർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സിഐ അനുസരിച്ചില്ല.