തൃശൂർ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച് ക്രൂരത. മാല മോഷണം ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ പോലീസിന് നൽകിയ വിവരമനുസരിച്ച് പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് വലപ്പാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നു രാവിലെയാണ് തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഈഅപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ബാബു മാല കൈക്കലാക്കിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ വിവരം പോലീസിനു കൈമാറി. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല എടുത്ത വിവരം പറഞ്ഞത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ബാബുവിനു ക്രിമിനൽ പശ്ചാത്തലമില്ലെന്നു വലപ്പാട് പോലീസ് പ്രതികരിച്ചു.
ALSO READ- സുഡാനിൽ സൈനിക ഏറ്റുമുട്ടിൽ; വെടിവെയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു
ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവർക്ക് മരണംസംഭവിച്ചു. ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
Discussion about this post