ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് ഗൃഹനാഥന്‍ മകനെയും ഭാര്യയെയും കൊലപ്പെടുത്തി. കൃഷ്ണഗിരിയിലാണ് സംഭവം.
ദണ്ഡപാണിയെന്ന ആളാണ് ക്രൂരകൊലപാതകം നടത്തിയത്. സംഭവത്തില്‍ പ്രതി ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണഗിരി സ്വദേശിയായ സുഭാഷ് (25), അമ്മ കണ്ണമ്മാള്‍ (65) എന്നിവരാണ് മരിച്ചത്. മകന്‍ അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ദണ്ഡപാണിയെ ക്ഷുഭിതനാക്കിയിരുന്നു.
സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. മൂന്നു മാസം മുന്‍പാണ് സുഭാഷ് താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് സുഭാഷ് വിവാഹം കഴിച്ചത്. ദണ്ഡപാണി വിവാഹത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ അമ്മയും മുത്തശിയും പിന്തുണച്ചതോടെയാണ് സുഭാഷ് ഈ പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിച്ചത്. പിതാവിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തിനുശേഷം സുഭാഷ് വീട്ടില്‍നിന്ന് മാറിത്താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ചെത്തി.
രാത്രി ഉറങ്ങിക്കിടക്കവെ സുഭാഷിനെ പുലര്‍ച്ചെ ദണ്ഡപാണി കത്തികൊണ്ട് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ച കണ്ണമ്മാളിനെയും ഇയാള്‍ വെട്ടി. രണ്ടാളും അപ്പോള്‍ തന്നെ മരിച്ചു. സുഭാഷിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും വെട്ടേറ്റു. ഇവര്‍ ചികിത്സയിലാണ്.