തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ട്രെയിനിന് വന്‍ സ്വീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ നടപടിയില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ വന്ദേഭാരത് ട്രെയിന്‍ വന്നതോടെ തുലഞ്ഞു. അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഏറ്റവും വലിയ ഐശ്വര്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെയാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ എത്തിയത്. ഈ മാസം 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. യാത്രക്കാരുണ്ടെങ്കില്‍ 16 കോച്ചുകളും തുടരും. എന്നാല്‍ യാത്രക്കാര്‍ കുറവാണെങ്കില്‍ എട്ട് കോച്ചുകളുള്ള ട്രെയിനാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
എട്ട് കോച്ചുളള രണ്ട് ട്രെയിനാക്കി മാറ്റിയാല്‍ രണ്ടാമത്തെ റേക്ക് കേരളത്തിനു തന്നെ ലഭിക്കുമോ എന്ന് വ്യക്തമല്ല. അടുത്തതായി ദക്ഷിണ റെയില്‍വേയില്‍ വന്ദേഭാരത് ഓടിക്കാന്‍ സാധ്യത തിരുനെല്‍വേലി-ചെന്നൈ റൂട്ടിലാണ്. കേരളത്തില്‍ നിന്നും സാധ്യതയുള്ള 2 റൂട്ടുകളും കര്‍ണാടകയിലേക്കുള്ളതാണ് (എറണാകുളം-മംഗളൂരു, എറണാകുളം-ബെംഗളൂരു).
എന്നാല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത് ഉടന്‍ നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. വന്ദേഭാരത് കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ട്രാക്കിലെ വേഗം കൂട്ടാതെ ഇതിനു കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. അനുമതി ലഭിച്ചാല്‍ കേരളത്തില്‍ തന്നെ മറ്റ് ഏതെങ്കിലും റൂട്ടില്‍ രണ്ടാം വന്ദേഭാരത് ഓടാനും സാധ്യതയുണ്ട്.