കൊച്ചി: അപ്രതീക്ഷിതമായി ഇന്ത്യൻ റെയിൽവേ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് വഴി കേരളത്തിൽ പ്രവേശിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്ര പൂർത്തിയാവുകയാണ്. ഇന്നു രാവിലെ 11.40ഓടെയാണ് പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ എത്തിയത്.
ബിജെപി പ്രവർത്തകരടക്കം നിരവധി ആളുകളാണ് ട്രെയിനിനെ വരവേൽക്കാൻ എത്തിയത്. ജീവനക്കാർക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിൻ വൈകീട്ട് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ട്രെയിനിന് വരവേൽപ്പ് നൽകും.
ചെന്നൈയിൽ നിന്നും വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ട്രെയിൻ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്റെ വേഗമെങ്കിലും കേരളത്തിൽ ഇത്ര വേഗതയിലോടാൻ സാധിക്കില്ല. പാളങ്ങളിൽ മാറ്റം വരുത്തേണ്ടി വരും. എങ്കിലും 110 കിലോമീറ്റർ വരെ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത്. വൈകാതെ ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി സവിശേഷതകളുള്ള ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.