ഇരിങ്ങാലക്കുട: തന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലു ം അറിയാതെ 19 വർഷമായി ഉള്ളുരുകി കരഞ്ഞ അമ്മയെ തേടി ഒടുവിൽ മകനെത്തി. കാണാതായ ഇരിങ്ങാലക്കുട ബ്രാലം മുന്നൂറ്റിപ്പറമ്പിൽ ഷിജേഷിനായാണ് അമ്മ പ്രസന്നകുമാരി രണ്ടുപതിറ്റാണ്ടോളം കാത്തിരുന്നത്. പോലീസിനും അധികാരികൾക്കും മുന്നിൽ പലതവണ എത്തിയെങ്കിലും മകനെ മാത്രം ഈ അമ്മയ്ക്ക് തിരികെ കിട്ടിയില്ല.
ഒടുവിൽ ദേവദൂതനെ പോലെ എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രസന്നകുമാരിയുടേയും മകന്റേയും സമാഗമത്തിന് തുണയായത്. 3 വർഷം മുൻപ് സീനിയർ സിപിഒ ആയി എത്തിയ കെവി ഉമേഷാണ് ഈ അമ്മയുടെ കണ്ണീർ തുടയ്ക്കാനായി നിരന്തര പരിശ്രമം നടത്തി ഷിജേഷി (43)നെ കണ്ടെത്താൻ തുണയായത്.
പീരുമേട്ടിലെ തേയിലത്തോട്ടത്തിൽ കമ്പനിയിൽ ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്ന ഷിജേഷിനെ പോലീസ് കണ്ടെത്തി തിരിച്ചറിഞ്ഞ് തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു. ഒരിക്കലും കാണില്ലെന്ന് കരുതിയ മകനെ ഒരു നോക്ക് കാണാനായതിന്റെ സന്തോഷത്തിൽ പ്രസന്നകുമാരി എല്ലാം മറന്നപ്പോൾ ബന്ധുക്കൾക്കും ഈ സമാഗമം ആഘോഷമായി.
ഷിജേഷിനെ 2004 ഓഗസ്റ്റ് 12 നാണു കാണാതായത്. 24 വയസ്സുള്ള മകനെ കാണാനില്ലെന്നുകാട്ടി പ്രസന്നകുമാരി അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ചെറിയ കടങ്ങളുണ്ടായിരുന്ന ഷിജേഷിന് അത് തിരികെ നൽകാനായിരുന്നില്ല. ഇതോടെയാണ് പെട്ടെന്നൊരു ദിനം അപ്രത്യക്ഷനായത്.
പിന്നീട് പോലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതായതോടെ 2018ൽ കോടതി അനുമതിയോടെ അന്വേഷണം താൽക്കാലികമായി പോലീസ് അവസാനിപ്പിച്ചിരുന്നു.
ഷിജേഷിന്റെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഫേസ്ബുക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ 10 ദിവസം മുൻപ് അപരിചിതമായ ഒരു ഫേസ്ബുക്ക് ഐഡി ശ്രദ്ധയിൽപെട്ടു. ഇതു ഷിജേഷിന്റെ അക്കൗണ്ട് ആണെന്ന് സംശയവും തോന്നി. ഇതോടെ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി കേസ് വീണ്ടും തുറന്നു. സൈബർ സെൽ സഹായത്തോടെ ഐഡി തിരഞ്ഞപ്പോൾ പീരുമേട്ടിലാണ് എത്തി നിന്നത്.
കമ്പനി ജീവനക്കാരിലൊരാളായി ഷിജേഷ് അവിടെ ജീവിക്കുന്നെന്ന് ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ അനീഷ് കരീം, എസ്‌ഐമാരായ ഷാജൻ, ക്ലീറ്റസ് എന്നിവരെ ഉമേഷ് അറിയിക്കുകയായിരുന്നു. തുടർന്ന് എഎസ്‌ഐ കെ.എ. ജോയിയും ഉമേഷും പീരുമേട്ടിലെത്തി ഷിജേഷിനെ തിരിച്ചറിഞ്ഞു. വീട്ടിൽ അമ്മയുടെ അടുത്തേക്ക് പോലീസ് സംഘം തന്നെയാണ് ഷിജേഷിനെ എത്തിച്ചത്.
ഷിജേഷ് തൃശൂരിൽ നിന്നും നാടുവിട്ട് കോയമ്പത്തൂർ, തിരുപ്പൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി പല തൊഴിലുകൾ ചെയ്ത് ഒടുവിൽ പീരുമേട്ടിലെത്തുകയായിരുന്നു. കാലങ്ങൾ പിന്നിട്ടപ്പോൾ ഷിജേഷ് ഒരു കുടുംബനാഥനുമായി മാറി. ഭാര്യയും നാലു വയസുള്ള മകനുമുണ്ട് ഇന്ന് ഷിജേഷിന്. തമിഴ്‌നാട് സ്വദേശിനിയാണ് ഭാര്യ.
കോയമ്പത്തൂരിലെ സ്വന്തം വീട്ടിലുള്ള ഷിജേഷിന്റെ ഭാര്യയും മകനും ഉടൻ ഇരിങ്ങാലക്കുടയിലെത്തും. പ്രസന്നകുമാരിക്കൊപ്പം വിഷു ആഘോഷിച്ച ശേഷം ഇവർ പീരുമേട്ടിലെ ജോലിസ്ഥലത്തേക്കു തിരിക്കും. ഇടയ്ക്ക് അമ്മയെ കാണാനെത്തുമെന്ന് വാക്ക് നൽകിയാണ് ഷിജേഷിന്റെ മടക്കം.