ആലപ്പുഴ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാനായി ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ ‘ലക്ഷ്യ’യെത്തും. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച അഞ്ച് ലക്ഷ്യ ബോട്ടുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ജലഗതാഗത വകുപ്പിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഞ്ച് ആധുനിക സ്റ്റീല്‍ ബോട്ടുകള്‍ നീരിലിറങ്ങുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ‘ലക്ഷ്യ’യെത്തുന്നത്. ഒരേ സമയം 75 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ‘ലക്ഷ്യ’ ബോട്ടുകളില്‍ യാത്ര സുഖപ്രദമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സീറ്റുകള്‍, ശബ്ദവും വൈബ്രെഷനും കുറഞ്ഞ 127 എച്ച്പി എന്‍ജിന്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബോട്ടുകള്‍ ഐആര്‍എസ് ക്ലാസിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ഏഴു നോട്ടിക്കല്‍ മൈല്‍ സ്പീഡില്‍ പോകുന്നതിനു ഡിസൈന്‍ ചെയ്ത ‘ലക്ഷ്യ’ ബോട്ടുകള്‍ക്ക് അനുകൂല സാഹചര്യങ്ങളില്‍ 8.5 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കുതിക്കുവാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബയോ ടോയിലെറ്റുകളും ‘ലക്ഷ്യ’യില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി എന്‍ജിന്‍ ഡ്രൈവര്‍ ബില്‍ജ് പമ്പ്, ഫയര്‍ പമ്പ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ‘ലക്ഷ്യ’ ബോട്ടുകളുടെയും, കൈനകരി സര്‍ക്കുലര്‍ സര്‍വീസിന്റെയും ഉദ്ഘാടനം ഇന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.