എടപ്പാൾ: വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ വീട് ബാങ്കുകാർ ജപ്തിചെയ്തുകൊണ്ടു പോകാനൊരുങ്ങുകയാണ്. ഇത് ഒഴിവാക്കാൻ വൃക്ക വിൽക്കാനൊരുങ്ങുകയാണ് എടപ്പാൾ പൂക്കരത്തറ സ്വദേശി വിപി കുഞ്ഞിമൊയ്തീൻ (53).
മുൻപ് ഇളയമകളുടെ വിവാഹം നടത്താനാണ് അർബൻ ബാങ്കിൽനിന്ന് നാലുവർഷംമുൻപ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. അതിന്ന് ഏഴുലക്ഷമായി തിരിച്ചടവ് വർധിച്ചിരിക്കുകയാണ്. ഇനി കിടപ്പാടം രക്ഷക്കാൻ മറ്റ് മാർഗമില്ലാത്തതിനാലാണ് വൃക്ക വാങ്ങാൻ ആളെത്തേടി കുഞ്ഞിമൊയ്തീൻ നടക്കുന്നത്.
കോൺഗ്രസ് പ്രാദേശികനേതാവ് കൂടിയാണ് കുഞ്ഞിമൊയ്തീൻ. ഇദ്ദേഹം തവനൂർ ബ്ലോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് എടപ്പാൾ മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി. പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
കുറെക്കാലം കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കുഞ്ഞിമൊയ്തീൻ അസുഖം വന്ന് ആശുപത്രിയിലായതോടെ അടവുതെറ്റി. രോഗം മാറി വീട്ടിലെത്തിയെങ്കിലും ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയിലുമായി കുറച്ചുകാലം.
പിന്നീട് കോൺഗ്രസ് നേതാവ് പി ടി അജയ്മോഹൻ ഇടപെട്ട് ഒരു ഓട്ടോറിക്ഷ വാങ്ങിനൽകി. ഈ ഓട്ടോയാണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. ഇതിനിടെ അടവുതെറ്റിയതോടെ ബാങ്ക് നിയമനടപടിയിലേക്കു കടന്നു. ഈ മാസം 20-നകം കുടിശ്ശിക തീർത്തടച്ചില്ലെങ്കിൽ അഞ്ചുസെന്റിൽ സർക്കാർ സഹായത്തോടെ നിർമിച്ച വീട് ജപ്തിചെയ്യുമെന്ന നോട്ടീസ് ലഭിച്ചു. അതോടെയാണ് കടം വീട്ടാനുള്ള തുക ലഭിക്കുന്നതിനായി വൃക്ക പോലും വിൽക്കാൻ തയ്യാറാണെന്ന് കുഞ്ഞിമൊയ്തീൻ അറിയിച്ചിരിക്കുന്നത്.
Discussion about this post