കൊല്ലം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും.
കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം കഴിഞ്ഞ തവണ തോറ്റ സ്ഥാനാര്‍ഥികളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
തീരുമാന പ്രകാരം പ്രധാനപ്പെട്ട 42 നിയമസഭാ മണ്ഡലങ്ങളിലെ ‘തോറ്റ എംഎല്‍എ’മാര്‍ക്കാണ് മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ പ്രത്യേക കസേരയും മേശയും ഒരുക്കുന്നത്. 84 മണ്ഡലം കമ്മിറ്റി ഓഫീസുകളിലായിരിക്കും സീറ്റ് ഒരുക്കുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന നിയമസഭാ മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ക്കാണ് ബിജെപി പ്രത്യേക പരിഗണന നല്‍കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥികളുടെ ജനങ്ങള്‍ക്കിടയിലെ സ്വാധീനവും പരിചയവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇതുവഴി നേതൃത്വം ലക്ഷ്യമിടുന്നത്. വെറും ഇരിപ്പിടമല്ല അന്തസ്സുള്ള കസേര തന്നെ കൊടുക്കണമെന്നാണ് ജാവദേക്കര്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോട് പറഞ്ഞത്. ആഴ്ചയില്‍ മൂന്നുനാല് ദിവസമെങ്കിലും ഇവര്‍ മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ എത്തി അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്.