അതിരപ്പിള്ളിയില്‍ കുളിയ്ക്കാനിറങ്ങി: എട്ടുവയസ്സുകാരന്‍ മുങ്ങി മരിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ മുങ്ങി മരിച്ചത്.

തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരന്‍ ആണ് മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരന്‍. പുഴയില്‍ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപം ചാലക്കുടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുടുംബത്തിനൊപ്പം ശബരിമലയ്ക്ക് പോകാന്‍ എത്തിയതായിരുന്നു മോനീശ്വരന്‍. തമിഴ്‌നാട്ടില്‍ നിന്ന് വാല്‍പ്പാറ വഴിയാണ് സംഘം ശബരിമലയിലേക്ക് വന്നത്. അതിനിടെയാണ് ഇവര്‍ അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്.

സംഘത്തില്‍ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങിയ ഇരുവരും ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് ദൂരത്തേക്ക് പോയിരുന്നു. അതിനിടെയാണ് മോനീശ്വരന്‍ കയത്തില്‍ അകപ്പെട്ടത്. മോനീശ്വരന്‍ മുങ്ങിത്താഴുന്നത് കണ്ട രണ്ടാമത്തെ കുട്ടിയാണ് ഒപ്പമുണ്ടായിരുന്നവരോട് വിവരം പറഞ്ഞത്.

ഉടന്‍ തന്നെ ഇവര്‍ പുഴയിലേക്ക് ചാടി കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version