തന്റെ ജീവിതകാലത്ത് ബീഡി തെറുത്തും ജോലി ചെയ്തും ഉണ്ടാക്കിയ സമ്പാദ്യമായ പണം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടൻ ജനാർദനൻ (65) അന്തരിച്ചു. കണ്ണൂർ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങളായി ബീഡിത്തൊഴിലാളിയായിരുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയിൽ രണ്ടുലക്ഷം രൂപയും വാക്സിൻ ചലഞ്ചിലേക്ക് കൈമാറിയതോടെയാണ് ഈ മനുഷ്യ സ്‌നേഹിയെ കേരളക്കര തരിച്ചറിഞ്ഞത്. തുടർന്ന് വാർത്തകളിൽ ഇടം നേടുകയും നിരവധി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
കേരളാ ബാങ്കിന്റെ കണ്ണൂർ മെയിൻ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സീൻ ചലഞ്ചിനായി സംഭാവന ചെയ്ത ഇദ്ദേഹം പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് പോവുകയായിരുന്നു. തുടർന്ന് ബാങ്ക് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
പതിമൂന്നാം വയസ്സിൽ ബീഡിതെറുപ്പ് തുടങ്ങിയ ജനാർദനൻ എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നീട് ദിനേശ് ബീഡി കമ്പനിയിൽ 36 വർഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാൽ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേർക്കുംകൂടി കമ്പനിയിൽനിന്ന് കിട്ടിയ ആനുകൂല്യത്തിൽനിന്നാണ് വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയത്. അടുത്തകാലം വരെ ജനാർദനൻ ബീഡി തെറുക്കാറുണ്ടായിരുന്നു.