പൊന്നോമനയെ കാണാതെ ശരത്കൃഷ്ണന്‍ യാത്രയായി: സങ്കടക്കടലിലും പ്രിയതമന്റെ അവയവങ്ങള്‍ ദാനം ചെയ്തു; നാല് പേര്‍ക്ക് ജീവിതമേകി പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ

തിരുവനന്തപുരം: പ്രിയതമന്‍ നഷ്ടപ്പെട്ട വേദനയിലും നാല് പേര്‍ക്ക് പുനര്‍ ജന്മമേകി അര്‍ച്ചന. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് നാല് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചത്.

കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്നാട് കോവില്‍പ്പെട്ടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

പൂര്‍ണ ഗര്‍ഭിണിയായ അര്‍ച്ചന സങ്കടക്കടലിലും അവയവദാനത്തിന് സന്നദ്ധയാവുകയായിരുന്നു. ശരത്കൃഷ്ണന്റെ രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്നാട്ടിലും ഇല്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

Read Also:

പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭാര്യ അര്‍ച്ചനയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഒരേ സമയം രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) ശരത്കൃഷ്ണന്റെ വൃക്കകള്‍ പുതിയ ജീവിതം നല്‍കിയത്.

ശസ്ത്രക്രിയകള്‍ നടത്താന്‍ രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി രണ്ട് ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്നതു കൊണ്ടാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിച്ചത്.

രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍.

Exit mobile version