ആലപ്പുഴ: വീട് അടച്ചിട്ട് വീട്ടുകാര്‍ മകളുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കും വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മാവേലിക്കര കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മോഷണം നടന്നത്.
അടച്ചിട്ട വീട്ടില്‍നിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്നാണ് പരാതി. ഹൈദരാബാദില്‍ മകളുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. വീടിനുള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യമുണ്ട്. ക്യാമറ ശ്രദ്ധയില്‍പ്പെട്ട മോഷ്ടാവ് ഇത് ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്.
സമീപത്തുതന്നെ താമസമില്ലാത്ത കോട്ടയ്ക്കകം പായിക്കാട്ട് പി എ അയ്യപ്പന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ചു. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പായിക്കാട്ട് വീട്ടില്‍ ഒന്നരയോടെ എത്തിയ മോഷ്ടാവ് 2.30ന് തിരികെയെത്തി വാതില്‍ പൊളിക്കുകയായിരുന്നു. കാമറയില്‍ മോഷ്ടാവ് എത്തിയതിന്റെ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന വീട്ടുകാരാണ് പോലീസിനെ ഫോണില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.