കൊച്ചി: കൊച്ചിയിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കേ സുരേന്ദ്രനും വി മുരളീധരനും എതിരെ ആഞ്ഞടിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. തന്നെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനെ സാക്ഷിയാക്കി തുറന്നടിച്ചത്.
സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും വേദിയിലിരിക്കവെയാണ് ശോഭാ സുരേന്ദ്രൻ പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.
ഒന്നുകിൽ തന്നെ പുറത്താക്കുക, അല്ലെങ്കിൽ പ്രവർത്തിക്കാനനുവദിക്കുക എന്നാണ് വൈകാരികമായി ശോഭാ സുരേന്ദ്രൻ സംസാരിച്ചത്. ‘സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ ദേശീയ നേതൃത്വം പണിയെടുക്കുമ്പോൾ കേരളത്തിലെ നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുന്നു.’- എന്നാണ് ശോഭയുടെ പ്രധാന വിമർശനം.
വി മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രൻ നേതാവായത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ആളാണ് കെ സുരേന്ദ്രൻ. വേണമെങ്കിൽ തന്നെ പുറത്താക്കാം, എന്നാൽ സർവ്വതും താൻ മാധ്യമങ്ങളുടെ മുമ്പിൽ വിളിച്ചു പറയും. 90000ൽ നിന്ന് 2.5 ലക്ഷം വോട്ടിലേക്ക് താനെത്തിച്ച മണ്ഡലത്തിലെ ഒരു പരിപാടിയിലും തന്നെ പങ്കെടുപ്പിക്കുന്നില്ല. തനിക്കൊഴിച്ച് ബാക്കിയെല്ലാ വൈസ് പ്രസിഡന്റുമാർക്കും ഉത്തരവാദിത്വങ്ങൾ നൽകി- എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘വി മുരളീധരൻ വരുന്നതിന് മുമ്പ് ഞാൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രണ്ട് തവണ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷയാക്കി തന്നെ വട്ടംചുറ്റിച്ചു. ദേശീയ രാഷ്ട്രീയത്തിൽ അഞ്ചംഗ സമിതിയിൽ അംഗമായപ്പോൾ കേരളത്തിൽ സേവനം വേണമെന്ന് ആവശ്യപ്പെട്ട് തിരിച്ചു വിളിച്ചു. എന്നിട്ട് വൈസ് പ്രസിഡന്റാക്കി. എന്നാൽ ഒരു ജില്ലയുടെ പോലും ചുമതല നൽകിയില്ല.’- എന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരിൽ അമിത് ഷാ വന്നപ്പോൾ വേദിയിൽ മറ്റ് വൈസ് പ്രസിഡന്റുമാരെയും വക്താവിനും സ്ഥാനം നൽകിയപ്പോൾ തന്നെ സദസിലാണ് ഇരുത്തിയത്. ഒന്നുകിൽ പുറത്താക്കുക, അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കുക. വി മുരളീധരന് വേണ്ടിയാണ് തന്നെ ക്രൂശിച്ചതും പൊതു സമൂഹത്തിൽ അപമാനിച്ചതും.
അമിത്ഷായുടെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹപ്രകാരമാണെന്നാണ് പറയുന്നത്. ജാവദേക്കറിനെ കൊണ്ട് പറയിപ്പിക്കുന്നത് വി മുരളീധരനാണ്. സദസ്സിൽ ആരുണ്ടാവണമെന്ന് ലിസ്റ്റ് കൊടുക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ദേശീയ നേതൃത്വം പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം ചെവികൊണ്ടില്ല. കഴിഞ്ഞ ദിവസം കോർ കമ്മറ്റി അംഗങ്ങളോടൊപ്പം ചില നേതാക്കളെ കോർ പ്ലസ് എ യോഗം ചേർന്നപ്പോഴും ശോഭാ സുരേന്ദ്രന് ഇടം ലഭിച്ചില്ല.
Discussion about this post