നെയ്യാറ്റിൻകര: വടകര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത് ആർ രാജ് (30)നെ ടിപ്പറിടിച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. രഞ്ജിതിന് എതിരെ പ്രതികൾ ആക്രമണത്തിന് തയ്യാറെടുത്തിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ജോസ് കൊലക്കേസിലെ രണ്ടാം പ്രതിയായ തോട്ടാവാരം കുഴിവിള മേലെപുത്തൻ വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകൻ രഞ്ജിത് ആർ രാജ് (30) ആണ് ഞായറാഴ്ച മാരായമുട്ടത്തുവെച്ച് അപകടത്തിൽ കൊല്ലപ്പെട്ടത്. പിന്നീട് ഈ അപകടം കരുതിക്കൂട്ടിയുണ്ടാക്കിയതാണ് എന്ന് കണ്ടെത്തിയിരുന്നു.
രഞ്ജിതിന് അപകടത്തിൽ മരണം സംഭവിച്ചില്ലെങ്കിൽ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഞ്ജിത്തിനെ ഇടിച്ചിട്ട ടിപ്പറിൽ നിന്ന് നേരത്തെ വെട്ടുകത്തിയും വടിവാളും കണ്ടെടുത്തിട്ടുണ്ട്.
ടിപ്പറോടിച്ചിരുന്നത് കീഴാറൂർ, കൊല്ലംകാല, ശ്യാം നിവാസിൽ ശരത്താണെന്നാണ് പോലീസ് പറയുന്നത്. ശരത്ത് ജ്യേഷ്ഠന്റെ ടിപ്പറാണ് ഓടിച്ചിരുന്നത്. കൊല്ലപ്പെട്ട രഞ്ജിത്തും പ്രതി ശരത്തും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിൽ പണമിടപാട് നടത്താറുണ്ടായിരുന്നു. ഇതിനിടെ ശരത്തിന്റെ ജേഷ്ഠൻ ശ്യാംലാലും രഞ്ജിത്തുമായി വാക്കുതർക്കമുണ്ടായി.
പിന്നാലെ, രഞ്ജിത്ത് ശ്യാംലാലിനെ മർദ്ദിച്ചു. ഇതാണ് ശരത്തും രഞ്ജിത്തും തമ്മിൽ പിണങ്ങാൻ കാരണമായതെന്നും കൊലപാതകത്തിലേക്ക് പക എത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ 10.45നാണ് പുനയൽക്കോണത്തുവെച്ച് ബൈക്കില#് സഞ്ചരിക്കുകയായിരുന്ന ഞ്ജിത്ത് ടിപ്പറിടിച്ച് മരിച്ചത്. ടിപ്പർ ഓടിച്ചിരുന്നയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടിരുന്നു. ടിപ്പറിലുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് രഞ്ജിത്തിനെ ശുപത്രിയിലെത്തിച്ച ശേഷം അവരും ഒളിവിൽ പോവുകയായിരുന്നു. അപകട സ്ഥലത്തുവെച്ചു തന്നെ രഞ്ജിത്ത് മരിച്ചിരുന്നു.
Discussion about this post