കോന്നി : ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തിനെ (58) ആണ് അറസ്റ്റ് ചെയ്തു.
ഇവരുടെ മകന്‍ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്. ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടര്‍ന്ന് മന്‍സൂറത്തിനെതിരെ കോന്നി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 24ന് വൈകിട്ട് ആറിനാണ് ഷംനയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ചികിത്സയ്ക്കിടെ ഷംന ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26ന് മരണപ്പെടുകയായിരുന്നു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിരലടയാള വിദഗ്ദ്ധര്‍, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, പൊലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍. തുടര്‍ന്ന്, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നു.
also read:55 അടി ഉയരം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശ്ശൂരില്‍
ഷംനയുടെ മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണസംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതോടെയാണ് ഭര്‍തൃവീട്ടില്‍ യുവതി മാനസിക പീഡനത്തിന് വിധേയായെന്ന് തെളിഞ്ഞത്.
ഷംനയെ മന്‍സൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സഹിക്കവയ്യാതെ യുവതി ആത്മഹത്യാ തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പൊലീസ് കണ്ടെത്തി.