തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രമുഖ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍സ് താരവും കൂട്ടാളിയും പിടിയില്‍. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവര്‍ച്ചനടത്തുന്നവരാണ് പിടിയിലായത്.
കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു (22) കിളിമാനൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പോലീസ് പിടികൂടിയത്. ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളില്‍ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്.
കവര്‍ച്ചയ്ക്കു ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേര് പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു.
സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടന്‍ തന്നെ അമിത വേഗതയില്‍ ഇവര്‍ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ മംഗലപുരം പോലീസില്‍ അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില് നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിരവധി സിസിടിവി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളില്‍ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്.
Discussion about this post