തിരുവനന്തപുരം: ഭാഗ്യക്കുറി ജേതാക്കളിൽ പലരും പിൽക്കാലത്ത് പാപ്പരാകുന്നത് പതിവായതോടെ ലഭിക്കുന്ന സമ്മാനത്തുക എങ്ങനെ ഉചിതമായി വിനിയോഗിക്കാം എന്നത് പരിശീലിപ്പിക്കാനായി ലോട്ടറി വകുപ്പിന്റെ ക്ലാസ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തന്നെയാണ് ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പരിപാടി.
2022 ഓണം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യവാൻ മുതൽ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യഘട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്.
മുൻ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പരിശീനനത്തിന് വേണ്ടി മോഡ്യൂൾ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
ധന വിനിയോഗത്തിന് പുറമേ നികുതികൾ, നിക്ഷേപപദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിലുൾപ്പെടുത്തിയിട്ടുണ്ട്.
ധനമന്ത്രി കെഎൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. വികെ പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, പ്രൊഫസർ & ഡയറക്ടർ പ്രൊഫ.കെജെ ജോസഫ്, നഗരസഭ കൗൺസിലർ ഡോ. റീന എന്നിവർ ആശംസകൾ അറിയിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ശ്രീ. എബ്രഹാം റെൻ എസ് സ്വാഗതവും, ജോയിന്റ് ഡയറക്ടർ മനോജ്.പി കൃതജ്ഞതയും രേഖപ്പെടുത്തും.
2022 ആഗസ്റ്റ് 01 മുതൽ മാർച്ച് 31 വരെ 242 നറുക്കെടുപ്പുകളിലായി 90 കോടിയോളം രൂപ ഒന്നാം സമ്മാനമായി നൽകിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ ഏജന്റുമാരുടെ വരുമാനം 2327.3 കോടി രൂപയായിരുന്നു.
Discussion about this post