ആഡംബര കാറിന് ഒട്ടും ആഡംബരം കുറയ്ക്കാതിരിക്കാൻ മോഹവില കൊടുത്ത് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളത്തെ ബിസിനസുകാരൻ. ഇദ്ദേഹത്തിന്റെ പുതയ പോർഷെ കാറിനുള്ള നമ്പറിനായി 13 ലക്ഷം രൂപയാണ് കാക്കനാട് ചെമ്പുമുക്കിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ജിജി കോശി ചെലവിട്ടത്. എറണാകുളം ആർടി ഓഫീസിൽനിന്ന് കെഎൽ-07. ഡിഎ- 9999 എന്ന നമ്പറാണ് 13 ലക്ഷം രൂപയ്ക്ക് ലേലത്തിൽ ഇദ്ദേഹം സ്വന്തമാക്കിയത്.
അഞ്ചുപേരെ പിന്തള്ളിയാണ് ജിജി കോശി പന്ത്രണ്ടര ലക്ഷം രൂപയ്ക്ക് ലേലം പിടിച്ചത്. ഈ നമ്പറിന്റെ അടിസ്ഥാന വിലയായ 50,000 രൂപ അടച്ചാണ് ബിസിനസുകാരനായ ജിജി എറണാകുളം ആർടി ഓഫീസിൽ നമ്പർ ബുക്ക് ചെയ്തത്. എന്നാൽ പിന്നാലെ തന്നെ ഫാൻസി നമ്പർ മോഹിച്ച് നാലുപേർ കൂടി വന്നതോടെ എറണാകുളം ജോയിന്റ് ആർടിഒ കെകെ രാജീവ് നമ്പർ ലേലത്തിൽ വെയ്ക്കുകയായിരുന്നു.
ഓൺലൈനായി നടന്ന ലേലത്തിൽ പതിനായിരം രൂപയിൽ തുടങ്ങി 12 ലക്ഷത്തിലെത്തി. തുടർന്ന് ജിജി പന്ത്രണ്ടര ലക്ഷം വിളിച്ചതോടെ മറ്റുള്ളവർ പിന്മാറുകയായിരുന്നു. നമ്പർ ലേലത്തിൽ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവൻ തുക അടയ്ക്കാൻ വെള്ളിയാഴ്ച വരെ സമയമുണ്ട്. എന്നിട്ടും പണം അടയ്ക്കാതെ വന്നാൽ ലേലം റദ്ദാക്കി പുതിയ ലേലം നടത്തുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു,
അടിസ്ഥാന വിലയായ 50,000 രൂപ കൂടി കൂട്ടി വാഹന ഉടമ 13 ലക്ഷം രൂപയാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ‘ഒന്ന്’ എന്ന നമ്പറാണ് സാധാരണയായി ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം പോകാറുള്ളത്. തിങ്കളാഴ്ച നടന്ന മറ്റു നമ്പറുകളുടെ ലേലങ്ങൾക്ക് അര ലക്ഷത്തിനു താഴെയാണ് ലഭിച്ചത്.
Discussion about this post