‘ശ്രീപ്രിയ ടീച്ചര്‍ക്കും മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനും അഭിനന്ദനങ്ങള്‍’: ഈപ്പച്ചന്‍ പോസ്റ്ററിനെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി, നന്ദിയറിയിച്ച് രണ്‍ജി പണിക്കര്‍

ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തിലേക്ക് പുതിയ കുട്ടികളെ ക്ഷണിച്ചുള്ള മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂളിന്റെ പോസ്റ്റര്‍ വൈറലായിരുന്നു. സുരേഷ് ഗോപി ചിത്രം ലേലത്തിലെ മാസ് ഡയലോഗുള്ള പോസ്റ്ററായിരുന്നു വൈറലായിരുന്നത്.

‘നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല..’ കാല്‍ നൂറ്റാണ്ടായി മലയാളികള്‍ നെഞ്ചേറ്റിയ ഡയലോഗായിരുന്നു ഇത്. രസകരമായ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ ഒരുക്കിയ മുതിരപ്പുഴ സ്‌കൂളിലെ അധ്യാപകരെ അഭിനന്ദിച്ചിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.

‘മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്‍, സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

അധ്യാപകര്‍ തന്നെയാണ് ഈ പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത് വൈറല്‍ ആയതോടെയാണ് മന്ത്രി ശിവന്‍കുട്ടിയും രസകരമായ മറുപടി കുറിച്ചത്.
‘ഇതിപ്പോ ടീച്ചര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പരസ്യ കമ്പനിക്കാര്‍ എന്ത് ചെയ്യും…!

ശ്രീപ്രിയ ടീച്ചര്‍ക്കും മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനും അഭിനന്ദനങ്ങള്‍’. എന്ന് കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഇംഗ്ലീഷ് ഭാഷാ മികവിന് ഇംഗ്ലീഷ് മീഡിയം മറ്റേതെങ്കിലും മീഡിയം എന്ന വ്യത്യാസമില്ല’ എന്നു കൂടി എഴുതി മന്ത്രി പൊളിറ്റിക്കല്‍ കറക്റ്റ് ആകുകയും ചെയ്തു

‘നല്ലത്. അന്ന് ആ സീന്‍ അല്ലാതെ വെറെ ഒന്നും ചിന്തിച്ചിട്ടില്ല..ഇതിന് ഇക്കാലത്ത് ഇങ്ങനെ ഒരു പ്രയോഗം കണ്ടതില്‍ സന്തോഷം. അതിന് ടീച്ചറിനു നന്ദി. മന്ത്രിക്കും,’ കാലം മറക്കാത്ത ആ സംഭാഷണം എഴുതിയ തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ നന്ദിയറിയിച്ചു.

Exit mobile version