കെഎസ് യു ഭാരവാഹി പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: വിടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന ഭാരവാഹി പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നാരോപിച്ച് സംസ്ഥാന കെഎസ്യുവിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു.

ചുമതല ഒഴിയുന്നതായി ചൂണ്ടിക്കാണിച്ച് ഇരുവരും ശനിയാഴ്ച കെ സുധാകരന് കത്ത് നല്‍കി. ബല്‍റാമും ജയന്തും നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത് 45 പേര്‍ മാത്രമായിരുന്നു. എന്നാല്‍ പുറത്തുവന്ന പട്ടികയില്‍ 94 പേരുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്.

അലോഷ്യസ് സേവിയറിനൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു നിയമിതരായത്. പുതിയ പട്ടികയില്‍ ഇരുവരെയും സീനിയര്‍ വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തുകയും മറ്റ് നാല് പേരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുമുണ്ട്.

പ്രത്യേക താല്‍പര്യത്തോടെ ഒട്ടനവധി പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്. വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രശ്നം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ അഞ്ച് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version