കൊച്ചി: കളമശ്ശേരിയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് കുറ്റിക്കാട്ടിൽ കിടന്ന തന്നെ രക്ഷപ്പെടുത്തിയ പോലീസിന് നന്ദി പറഞ്ഞ് നെട്ടൂർ സ്വദേശിയായ സോണിയ. വാതിലിനടുത്ത് നിന്ന് യാത്ര ചെയ്യവെ ഫിറ്റ്സ് വന്നാണ് ട്രെയിനിൽ നിന്നും സോണി വീണത്. പിന്നീട് അൽപനേരം കഴിഞ്ഞാണ് ബോധം വന്നത്. പക്ഷേ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒച്ചവെച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും പുലർച്ചെ സമയമായതിനാൽ ആരുംഅറിഞ്ഞില്ല. പിന്നീട് പോലീസെത്തിയാണ് സോണിയെ രക്ഷപ്പെടുത്തിയത്.
പൂണെയിൽ ജോലി ചെയ്യുന്ന സോണിയ വെള്ളിയാഴ്ച മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് പുലർച്ചെ സൗത്ത് കളമശ്ശേരിക്ക് സമീപത്ത് വെച്ച് ട്രെയിനിൽ നിന്നും വീണ് അപകടത്തിൽപ്പെട്ടത്.
ലേഡീസ് കമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇരിക്കാനുള്ള സീറ്റ് ഇല്ലായിരുന്നു. അങ്ങനെ ടോയ്ലറ്റിന്റെ ഭാഗത്തായി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ഫിറ്റ്സ് വന്നത്. ട്രെയിനിൽ നിന്ന് എങ്ങനെയോ വീണെന്ന് മാത്രമെ സോണിയയ്ക്ക് ഓർമയുള്ളൂ.
വീണ് കഴിഞ്ഞപ്പോഴാണ് ബോധം വന്നത്. ട്രാക്കിന്റെ സൈഡിലായി ഉണ്ടായിരുന്ന പുല്ലിലേക്കാണ് വീണത്. പക്ഷേ നട്ടെല്ലിന്റെ ഭാഗത്ത് കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്ന് സോണി പറഞ്ഞു. അടുത്ത് വീടുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ പുലർച്ചെ സമയമായിരുന്നതുകൊണ്ട് തന്നെ ആരും കേട്ടില്ല. പിന്നീട് പോലീസാണ് എന്നെ കണ്ടെത്തി രക്ഷിച്ചതെന്നാണ് സോണിയ പറയുന്നത്.
ട്രെയിനിൽ നിന്നും ആരോ വീണെന്ന് കളമശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ലഭിച്ച വിവരം അറിഞ്ഞാണ് പോലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. കെ.എ. നജീബ്, പോലീസ് ഓഫീസർമാരായ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവർസോണിയയെ തിരഞ്ഞെത്തിയത്. ആദ്യഘട്ടത്തിൽ ട്രാക്കിൽ തെര്ചിൽ നടത്തിയെങ്കിലും കണ്ടിരുന്നില്ല. യുവതി വീണ സ്ഥലം കൃത്യമായി അറിയാത്തതും തെരച്ചിലിനെ ബാധിച്ചു. പിന്നീട് രണ്ടാമതും സമീപത്തെ പൊന്തക്കാടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടോർച്ച് തെളിച്ച് തിരഞ്ഞതോടെയാണ് പരിക്കേറ്റ സോണിയയെ കണ്ടെത്തിയത്.
വീഴ്ചയിൽ പരിക്കേറ്റ സോണിയ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി സോണിയ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ മറ്റ് ചെറിയ പരിക്കുകളുമുണ്ട്.