മലപ്പുറം: പോക്‌സോ കേസ് അതിജീവിതയായ പതിനാലു വയസ്സുകാരിയുടെ ഒന്നര വയസ്സുകാരനായ മകനെ സിഡബ്ല്യുസി സംരക്ഷണയിലേക്ക് മാറ്റിയതോടെ പരാതിയുമായി പെൺകുട്ടി. തന്റെ പക്കൽ നിന്നും കുഞ്ഞിനെ വേർപിരിച്ചതായി പെൺകുട്ടി തന്നെയാണ് പരാതിപ്പെടുന്നത്. കഴിഞ്ഞ അഞ്ചു മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
പെൺകുട്ടി പോക്‌സോ കേസിൽ ഇരയാണെന്ന വിവരം പുറത്തറിഞ്ഞതോടെ 2022 നവംബറിലാണ് അമ്മയെയും കുഞ്ഞിനെയും മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചത്. പിന്നീട് അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ തയാറാണെന്നും വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
പിന്നീട് അടുത്ത ബന്ധുവിനൊപ്പം താമസിക്കാൻ 14കാരിക്ക് അനുമതി ലഭിച്ചു. എന്നാൽ ഒന്നര വയസ്സുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ലെന്ന നിലപാടാണ് സിഡബ്ല്യുസി സ്വാകരിച്ചത്. കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരാനാണ് തീരുമാനം. ഇതാണ് അതിജീവിതയ്ക്ക് ഏറെ വേദന സമ്മാനിക്കുന്നത്.
തന്റെ കുഞ്ഞിന് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയാണെന്നും പെൺകുട്ടിയെ ആശങ്കയിലാക്കുന്നു. അഞ്ചാം ക്ലാസ് വരെ മാത്രം സ്‌കൂളിൽ പോയിട്ടുളള അതിജീവിതയെക്കൊണ്ട് പ്രായപൂർത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ചു താമസിക്കാൻ തയാറാണെന്ന് എഴുതി വാങ്ങിയതായും ആരോപണമുണ്ട്.