തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവം തീവ്രവാദപ്രവർത്തനമെന്നും പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമാണ് എലത്തൂർ തീവെപ്പിൽ തീവ്രവാദബന്ധത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയത്.
ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു.
കേസിൽ പിടിയിലായ ഏക പ്രതി ഷാറൂഖിനെ കൂടാതെ കൃത്യത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നും വൻ ഗൂഢാലോചനയാണ് നടന്നതെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ഷാറൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
ഇയാളുടെ സംഘം ലക്ഷ്യം വെച്ചത് ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനാണ്. ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഷാറൂഖിന് മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരം പ്രവർത്തിക്കാനായില്ല. ഇയാൾക്ക് ഇത്തരം ആക്രമണങ്ങളിലുള്ള പരിചയക്കുറവാണ് തിരിച്ചടിയായത്. കൃത്യം നടത്താനായി വലിയസംഘം ഷാരൂഖിനെ മാസങ്ങളോളം പ്രചോദിപ്പിച്ചെന്നാണ് വിവരം. എന്നാൽ ആക്രമണം നടത്താനുള്ള പരിശീലനം ഇയാൾക്ക് നൽകിയിരുന്നില്ല. പദ്ധതി പുറത്തറിയുമെന്ന് കരുതിയാണ് പരിശീലനം നൽകാതിരുന്നത്.
ട്രെയിൻ തീവെപ്പിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി കൂടുതൽവിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ.യും പ്രാഥമിക അന്വേഷണംനടത്തിയിരുന്നു. രണ്ട് ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.
Discussion about this post