പത്തനാപുരം: ട്രെയിൻ യാത്രയ്ക്കിടെ വഴിതെറ്റി ഛത്തീസ്ഗഢിൽനിന്നു കേരളത്തിലെത്തിയ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗാന്ധിഭവൻ അഭയകേന്ദ്രത്തിൻരെ തണലിൽ നിന്നും ഇനി കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക്.
കഴിഞ്ഞ ഫെബ്രുവരി 22-ന് കൊല്ലം നഗരത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞുമായി അലഞ്ഞുനടന്ന ഭാനുഭായി (34) യെ തേടി ഭർത്താവെത്തിയതോടെയാണ് സ്വദേശത്തേക്ക് മടങ്ങിയത്. നേരത്തെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ഇവരെ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ശുപാർശയിലാണ് ഇവരെ ഗാന്ധിഭവൻ ഏറ്റെടുത്തത്.
ഗാന്ധിഭവൻ ഷെൽട്ടർ ഹോമിൽ സംരക്ഷണയിലായിരുന്നു ഈ അമ്മയും കുഞ്ഞും ആറുമാസം ഇവിടെ കഴിഞ്ഞു. അറിയാത്ത നാട്ടിലെത്തിപ്പെട്ട പരിഭ്രാന്തയായിരുന്ന യുവതിയിൽനിന്നു കൂടുതൽ വിവരങ്ങൾ ആദ്യം ലഭ്യമായിരുന്നില്ല. ഗാന്ധിഭവനിലെ കൗൺസലിങ്ങിനൊടുവിൽ ഭാനുഭായി പതിയെ മനസാന്നിധ്യം തിരികെ പിടിക്കുകയായിരുന്നു. ഇവരിൽ നിന്നു ചില വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഛത്തീസ്ഗഢ് യെലമഞ്ചലി പോലീസ് സ്റ്റേഷനുമായി ഗാന്ധിഭവൻ അധികൃതർ ബന്ധപ്പെടുകയായിരുന്നു.
ഈ സമയത്താണ് ഭാര്യയെ കാണാനില്ലെന്നുകാട്ടി ഭാനുഭായിയുടെ ഭർത്താവ് സ്റ്റേഷനിൽ പരാതിനൽകി അതിന്മേൽ അന്വേഷണം നടന്നുവരുന്നതായി അറിയാൻ കഴിഞ്ഞത്. ഭാനു ഭായിയുടെ ഭർത്താവ് സുനിൽകുമാർ ചൗഹാൻ ഒരു സിമന്റ് കമ്പനിയിലെ ജീവനക്കാരനാണ്. വാക്കുതർക്കത്തിനിടെ ഭർത്താവ് അടിച്ചതിന്റെ സങ്കടത്തിൽ കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു ഭാനുഭായി. ഒടുവിൽ ഏതൊക്കെയോ ട്രെയിനിൽ കയറിയുള്ള ആ യാത്ര എത്തിനിന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിലായിരുന്നു.
ഒടുവിൽ ഗാന്ധിഭവൻ ഇടപെടലിൽ സുനിൽകുമാർ കേരളത്തിലെത്തി. ഗാന്ധിഭവനിൽ ഇരുവരുടെയും സമാഗമം വികാരനിർഭരമായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദേശപ്രകാരം വൈസ് ചെയർമാൻ പി.എസ്.അമൽരാജും അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രനും പ്രവർത്തകരും ചേർന്ന് ഇവരെ പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി ഇൻസ്‌പെക്ടർ എസ് ജയകൃഷ്ണന്റെ സാന്നിധ്യത്തിൽ ജന്മനാട്ടിലേക്ക് യാത്രയാക്കി.
Discussion about this post