ഇന്നലെ സംഘ്പരിവാര്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനെ ദേശീയമാധ്യമമായ ടെലിഗ്രാഫ് വിശേഷിപ്പിക്കുന്നതിങ്ങനെ. നിയമവാഴ്ചയ്ക്കെതിരെയുള്ള ഭീഷണിയും തെരുവിലെ തെമ്മാടിത്തരവുമായിരുന്നു ഹര്‍ത്താലില്‍ കണ്ടതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘ്പരിവാര്‍ അക്രമികള്‍ പാലക്കാട് പൊലീസുകാര്‍ക്കെതിരെ കല്ലേറു നടത്തുന്ന ദൃശ്യം ഒന്നാം പേജില്‍, ‘കാശ്മീരില്‍ അവരെ വെടിവെയ്ക്കും കേരളത്തില്‍ അവരെ ഭക്തരെന്ന് വിളിക്കും’ എന്ന തലക്കെട്ടോടു കൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കോടികണക്കിന് രൂപയുടെ നാശ നഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഹര്‍ത്താലിലൂടെ, ആര്‍എസ്എസും ബിജെപിയും സുവര്‍ണ്ണാവസരം മുതലാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതി അയോധ്യ കേസ് പരിഗണിക്കാനിരിക്കെ വിശ്വാസങ്ങള്‍ നിയമത്തേക്കാള്‍ മുകളിലാണ് എന്നുയര്ത്തിക്കൊണ്ടു വരുന്ന നടപടി ശ്രദ്ധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം തടഞ്ഞ സംഭവങ്ങള്‍ കേരളത്തിന്റെ ഇതുവരെയുള്ള പാരമ്പര്യത്തെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു.
ശബരിമലയിലെ യുവതീ പ്രവേശനം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് ചരിത്ര സംഭവമെന്നായിരുന്നു വിശേഷണം. ബിന്ദുവിനെയും കനകദുര്‍ഗയെയും പ്രശംസിച്ചുകൊണ്ട് തുല്യതയിലേക്കുള്ള ഒരു ചുവടു വെയ്പ്പെന്നായിരുന്നു ബിബിസി, അല്‍ജസീറ, സിഎന്‍എന്‍ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post