കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെച്ചപ്പോൾ സ്വയരക്ഷയ്ക്കായി ട്രെയിനിൽ നിന്നും ചാടുന്നതിനിടെ വീണ് മരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ച മട്ടന്നൂർ സ്വദേശികളുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.
മട്ടന്നൂർ പലോട്ടുപള്ളി സ്വദേശി റഹ്‌മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ സൗജന്യമായി ഉറപ്പാക്കും.ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചിൽ തീവെപ്പുണ്ടായത്.
ALSO READ- ട്രെയിന്‍ തീവെപ്പ് കേസ്: ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി
എലത്തൂരിൽ ഓടുന്ന ട്രെയിനിലാണ് തീവെപ്പ് ഉണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുഞ്ഞുൾപ്പടെ മൂന്ന് പേർ വീണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്‌മത്ത് (44), റഹ്‌മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്‌റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.