കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കടൂുതൽ പരിശോധനകൾക്ക് വിധേയനാക്കി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൂടുതൽ പരിശോധനകൾ നടത്തിയത്. എന്നാൽ പരിശോധനയിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതോടെ ഡിസ്ചാർജ് ചെയ്തിരിക്കുകയാണ്.
മഞ്ഞപ്പിത്ത ബാധയും കരൾ പ്രവർത്തനത്തിൽ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, രക്ത പരിശോധനയിൽ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായെന്നാണ് റിപ്പോർട്ട്.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു. ഇതിനിടെ പോലീസിനോട് ട്രെയിനിന് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് ആദ്യം മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാം എന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്.
ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്ന് മഹാരാഷ്ട്രാ എടിഎസിന് പ്രതി ആദ്യം മൊഴി നൽകിയെങ്കിലും ആരാണിത് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ തന്റെ കുബുദ്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കേരളത്തിലെ അന്വേഷണ സംഘത്തോട് സെയ്ഫി പറഞ്ഞത്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് കരുതുന്നില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കുടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കേരളത്തിൽ മുമ്പ് എത്തിയില്ലെന്ന മൊഴിയും പോലിസിന് വിശ്വാസമില്ല. ആരോ കേരളത്തിൽ സഹായം നൽകിയെന്നാണ് പോലീസിന്റെ നിഗമനം.