തിരുവനന്തപുരം: മുതിർന്നകോൺഗ്രസ് നേതാവിന്റെ മൂത്തമകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് ഇളയ മകൻ അജിത്ത് ആന്റണി. അവരുമായുള്ള ധാരണയുടെ പുറത്താണ് അനിൽ ബിജെപിയിൽ ചേർന്നത്. അത് എന്താണെന്ന് മനസിലാകാനിരിക്കുന്നതേയുള്ളൂ. പണം നൽകിയോ എന്ന് വ്യക്തമായിട്ടില്ല. ബിജെപി വൈകാതെ തന്നെ അനിലിനെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടിയെടുത്തുകളയുമെന്നു അജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അനിലിന് ബിജെപിയിലേക്ക് പോകാൻ അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവാം. പലരും വിളിച്ച് മോശപ്പെട്ട ഭാഷയിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസുകാരാണ്, പക്ഷെ ആരാണ് വിളിച്ചതെന്നറിയില്ല. നേതാക്കളല്ല, പ്രവർത്തകരാകാനാണ് സാധ്യത. ദിവസവും അന്ന് ആളുകൾ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ഇതോടെ പ്രകോപിതനായി മാറിനിൽക്കും എന്നാണ് വിചാരിച്ചിരുന്നത്. ബിജെപിയിൽ അംഗ്വതമെടുക്കുമെന്ന് കരുതിയില്ല. തികച്ചും ദുഃഖകരമായ സംഭവമാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നത് അല്ലെന്നും അജിത്ത് പ്രതികരിച്ചു.
വളരെ വൈകാരികമായ തീരുമാനമായിരുന്നു അനിലിന്റേത്. സ്വന്തമായി തെറ്റുതിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. ബിജെപിയിൽ പോകുന്നതാണ് ഗുണമെന്ന് അനിലിന് തോന്നുകയാണെങ്കിൽ അദ്ദേഹം അത് തുടരുമായിരിക്കും. എന്നാൽ, തെറ്റുതിരുത്തി കോൺഗ്രസിലേക്ക് വരാൻ കഴിയട്ടെ എന്നാണ് എന്റെ വിശ്വാസമെന്നും അജിത് ആന്റണി പറഞ്ഞു. കൂടാതെ അനിലിന്റെ ബിജെപി പ്രവേശനത്തിൽ പിതാവ് എകെ ആന്റണി അതീവ ദുഃഖിതനാണെന്നും അജിത് കൂട്ടിച്ചേർത്തു.
Discussion about this post