കുട്ടനാട്: കല്യാണം മുടക്കികള്‍ക്ക് മുന്നറിപ്പുമായി കുട്ടനാട്ടിലെ യുവാക്കള്‍.
പൊരുത്തം, ജാതകം, ജാതി, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, ജോലി ഇതെല്ലാം ഒത്തുവന്ന് ഉറപ്പിക്കുമ്പോള്‍ അപവാദം പരത്തി കല്യാണം മുടങ്ങുന്നതിന്റെ വിഷമത്തിലാണ് യുവാക്കള്‍.
ഒടുവില്‍ സഹികെട്ട് കല്ല്യാണം മുടക്കികളെ കൈകാര്യം ചെയ്യുമെന്ന് ബോര്‍ഡ് വച്ചിരിക്കുകയാണ് നാട്ടിലെ യുവാക്കള്‍. വീട്ടില്‍ കയറി തല്ലുമെന്നാണ് ഭീഷണി. ഇരുട്ടിവെളുത്തില്ല, അതിനുമുമ്പേ ചിലര്‍ ഫ്‌ലക്‌സ് കീറിക്കളഞ്ഞു. വെളിയനാട് പഞ്ചായത്തിലും പരിസരങ്ങളിലുമാണ് ഇത്തരം കല്യാണംമുടക്കികള്‍ വ്യാപകമായുള്ളതെന്ന് ചെറുപ്പക്കാര്‍ പറഞ്ഞു. നാട്ടിലെ പലരുടെയും കല്യാണം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും ഗൗരവമായെടുത്തില്ല.
രണ്ടുവര്‍ഷമായി ഇതു വ്യാപകമായതോടെയാണ് എല്ലാവരും ശ്രദ്ധിച്ചത്. കോട്ടയത്ത് സ്വകാര്യ കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകളാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ മുടങ്ങിയത്.
പെണ്ണും ചെറുക്കനും പരസ്പരം കണ്ട് ഇഷ്ടപ്പെട്ട്, ഇരുകുടുംബങ്ങളും ധാരണയായ ശേഷമാണ് മിക്കവയും മുടങ്ങിയത്. ഇങ്ങനെ നിശ്ചയംവരെ തീരുമാനിച്ചു മുടങ്ങിയവയുമുണ്ട്. അഞ്ചും ആറും ആലോചനകള്‍ കാരണമറിയാതെ മുടങ്ങിയവരും ഏറെ. ഫോണ്‍വിളിച്ചും അന്വേഷിക്കാനെത്തുന്നവരോട് അപവാദം പറഞ്ഞുമാണ് മുടക്കുന്നതെന്ന് ചെറുപ്പക്കാര്‍ പറയുന്നു.
പിന്നില്‍ ആരെന്നു കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ചെറുപ്പക്കാര്‍ ചേര്‍ന്ന് കല്യാണംമുടക്കികള്‍ക്കു മുന്നറിയിപ്പായി ബോര്‍ഡ് സ്ഥാപിച്ചത്. വെളിയനാട് പുളിഞ്ചുവട് കവലയില്‍ സ്ഥാപിച്ച ബോര്‍ഡിന് അധികം ആയുസ്സില്ലായിരുന്നു. എന്തായാലും ഫ്‌ളക്‌സ് കീറിയ പുളിഞ്ചുവട് കവലയ്ക്ക് ചെറുപ്പക്കാര്‍ പുതിയ പേരുമിട്ടു- ‘പരദൂഷണം മുക്ക്’. പുതിയ പേര് ബോര്‍ഡെഴുതി സ്ഥാപിക്കുകയും ചെയ്തു. ഇനിയും കല്യാണം മുടക്കിയാല്‍ കളി കാര്യമാകുമെന്ന് വാട്സാപ്പ് കൂട്ടായ്മകളിലൂടെയും മുന്നറിയിപ്പു നല്‍കുന്നുണ്ട്.