മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛര്‍ദിയും വയറിളക്കവും പനിയുമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒപ്പം ദേഹാസ്വാസ്ഥ്യവുമായി എത്തിയ മറ്റ് മൂന്ന് കുട്ടികളും രോഗം ഭേദമായി ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് മറ്റു മൂന്നു കുട്ടികള്‍ വീട്ടിലെത്തിയത്.
മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കുമാണ് അസ്വസ്ഥതകളുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികള്‍ മഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രി തന്നെ ഛര്‍ദിയും വയറിളക്കവും പനിയും ഉണ്ടായതായി രക്ഷിതാക്കള്‍ പറയുന്നു. കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
നാലുവയസ്സുകാരന് ഒഴികെയുള്ളവര്‍ക്കെല്ലാം ഭേദമായി. നാലുവയസ്സുകാരന് കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
Discussion about this post