ന്യൂഡൽഹി: തെക്കേ ഡൽഹിയിലെ ഷഹീൻബാഗിലെ മൂന്ന് മുറികൾ മാത്രമുള്ള ചെറിയവീട്ടിൽ താമസിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ചെറുപ്പക്കാരൻ എന്നാണ് അവനെ കുറിച്ച് നാട്ടുകാർക്കും പരിചയക്കാർക്കും എല്ലാം പറയാനുള്ളത്. എന്നാൽ കേരളത്തിൽ ഇതേ വ്യക്തിയെ ഭീതിയോടെയാണ് ഓരോരുത്തരും കാണുന്നത്. ഷാറുഖ് സെയ്ഫി എന്ന 23കാരനെ കുറിച്ചാണ് പവിവരിക്കുന്നത്. താവ്രവാദ ബന്ധം പോലും സംശയിക്കപ്പെടുന്ന ഷാരൂഖ് സെയ്ഫി പക്ഷെ നാട്ടിൽ ലജ്ജയോടെ തലതാഴ്ത്തി നടക്കുന്ന ഒരു പാവം പയ്യൻ പരിവേഷമാണ്.
ചെറിയ ആ വീട്ടിൽ ഷാരുഖ് സെയ്ഫി അച്ഛനമ്മമാർക്കും മുത്തശ്ശിക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. തേടിയെത്തിയവരോടൊക്കെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന, ആരോടും അടുത്ത് ഇടപഴകാത്ത യുവാവ് എന്നാണ് പ്രദേശവാസികൾ വിവരിച്ച് നൽകുന്നത്. അതുകൊണ്ടുതന്നെ ഇത്രക്രൂരമായ ഒരു കാര്യം ഷാരൂഖ് ചെയ്‌തെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാകുന്നില്ല.
മാർച്ച് 31ന് ഷാരുഖിനെ കാണാതായത് മുതൽ വീട്ടുകാർ വലിയ ആശങ്കയിലായിരുന്നു. കാരണം. ഈ കാലത്തിനിടയ്ക്ക് ഡൽഹി വിട്ട് എങ്ങോട്ടും ഷാരുഖ് പോയിട്ടില്ല. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ മകനെ കാണാതായ വിവരം അച്ഛൻ ഫക്രുദ്ദീൻ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡൽഹി പോലീസ് ഷാരുഖിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും വീട്ടുകാരും സംഭവം അറിഞ്ഞത്.
സ്ഥിരമായി കൂടെ തടി കടയിലേക്ക് വരുന്ന ഷാറുഖ് സെയ്ഫി വെള്ളിയാഴ്ച തനിക്കൊപ്പം ഷാരുഖ് കടയിലേക്ക് വന്നില്ല എന്ന് പിതാവ് ഫക്രുദ്ദീൻ പറയുന്നു. വൈകിയേ വരു എന്നാണ് ഷാറുഖ് സെയ്ഫി പറഞ്ഞത്. എന്നാൽ വീട്ടിലേക്ക് വിളിച്ച ഫക്രുദ്ദീന് മകൻ കടയിലേക്ക് പുറപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചത്. പിന്നെ മകനെ കുറിച്ച് ഒരു വിവരവുമില്ല എന്നാണ് അദ്ദേഹം പോലീസിന് പരാതി നൽകിയിരുന്നത്.
പന്ത്രണ്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച ഷാരുഖ് തുടർന്ന് മരപ്പണി ഏറ്റെടുക്കുകയായിരുന്നു. ഏതെങ്കിലും പാർടിയുമായോ ഏതെങ്കിലും സംഘടനകളുമായോ ഷാരുഖിന് ബന്ധമുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും പറയുകയാണ്.