ന്യൂഡൽഹി: രാജ്യത്തെ തന്നെ കോൺഗ്രസിന്റെ മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നുമാണ് അനിൽ ആൻറണി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അൽപസമയം മുൻപായിരുന്നു അനിൽ ആന്റണിയുടെ ചുവടുമാറ്റം. കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബിജെപി ആസ്ഥാനത്ത് എത്തിയത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനും സന്നിഹിതനായിരുന്നു. കാവി ഷാളണിയിച്ചാണ് അനിലിനെ ബിജെപി നേതൃത്വം സ്വീകരിച്ചാണ് അംഗത്വം കൈമാറിയത്. നേരത്തെ അനിൽ കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ചിരുന്നു.
ബിജെപിയുടെ സ്ഥാപന ദിവസമാണ്. ഈ ദിവസം തന്നെ അനിൽ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വി മുരളീധരൻ പ്രതികരിച്ചു.
പ്രധാനമന്ത്രി മോഡിയുടേയും അനിൽ ആന്റണിയുടേയും ദർശനം ഒന്നാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രം എന്നാണ് അനിലിന്റെ നിലപാട്. അതുകൊണ്ടാണ് ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ പാർടിയിലും കേരള രാഷ്ട്രീയത്തിലും അനിൽ ആന്റണിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
അതേസമയം, വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അനിൽ ആന്റണി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർട്ടി രാജ്യതാൽപര്യങ്ങളേക്കാൾ ഉപരി രണ്ട് മൂന്ന് വ്യക്തികളുടെ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ തനിക്ക് പ്രവർത്തിക്കാൻ താൽപര്യമില്ലാത്തതിനാലാണ് ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട താൽപര്യം ശുദ്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിച്ചത്. എന്നാൽ പല കാരണങ്ങളാലും രാജി വെക്കേണ്ടി വന്നു. ഒരുപാട് ആലോചിച്ചാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അനിൽ ആന്റണി പറഞ്ഞു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് തന്റെ ധർമ്മമെന്നും അനിൽ ആന്റണി. ധർമ്മോം രക്ഷതീ രക്ഷതാഹാ എന്ന് പറഞ്ഞാണ് അനിൽ ആന്റണി തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ വികസനത്തിലെത്തിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുണ്ടെന്നും അനിൽ പ്രശംസിച്ചു.