കോഴിക്കോട്: എലത്തൂരിൽ തീവണ്ടിയിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് കേരളത്തിൽ നിന്നും സഹായം ലഭിച്ചതായി സംശയം. കേരള സമ്പർക്ക് കാന്തി എക്‌സ്പ്രസ്സിലാണ് ടിക്കറ്റെടുത്ത് ജനറൽ കംപാർട്ട്‌മെന്റിൽ ഷാരൂഖ് കേരളത്തിൽ എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലേക്ക് ഷാറൂഖ് കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അവസാനമായി ഷാറൂഖ് ടെലിഫോണിൽ ബന്ധപ്പെട്ട രണ്ടുപേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഈ ഫോണുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താമസിയാതെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും എന്നാണ് സൂചന.
അതേസമയം, അക്രമം നടത്താൻ ഷാറൂഖ് ഉപയോഗിച്ച പെട്രോൾ കേരളത്തിൽ നിന്നും വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എവിടെ നിന്നാണ് ശേഖരിച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്. ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ കയറിയ യാത്രക്കാരൻ ഷാറൂഖിനെ കണ്ടതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
also read- എലത്തൂര്‍ തീവെപ്പ് കേസ്, യുഎപിഎ ചുമത്തിയേക്കും
ആലപ്പുഴയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ആയതിനാൽ തന്നെ അങ്ങനെയെങ്കിൽ ആലപ്പുഴയ്ക്കും ഫറൂക്കിനും ഇടയിലുള്ള ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്നാകാം ഷാറൂഖ് കയറിയതെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ഇത് കണ്ടെത്താൻ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഇതിനിടെ, പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഷാറൂഖ് ഒളിച്ച് താമസിച്ചതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.