ലോട്ടറിയില്‍ ഭാഗ്യം തെളിഞ്ഞില്ല: നിരാശനായി മടങ്ങുമ്പോള്‍ റോഡില്‍ നിന്ന് കിട്ടിയത് കാല്‍ലക്ഷത്തിലധികം രൂപ; ഉടമയെ കണ്ടെത്തി നല്‍കി മാതൃകയായി അതിഥി തൊഴിലാളി

കരുവാരകുണ്ട്: ലോട്ടറിക്കടയില്‍ ഫലം പരിശോധിച്ചു നിരാശനായി മടങ്ങുമ്പോള്‍ റോഡില്‍നിന്നു വീണുകിട്ടിയ കാല്‍ ലക്ഷത്തിലധികം രൂപ ഉടമയെ കണ്ടെത്തി നല്‍കി മാതൃകയായി അതിഥി തൊഴിലാളി.

ചെമ്പന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന ചന്ദ്രമോഹനാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. റോഡില്‍നിന്നും കളഞ്ഞു കിട്ടിയ 37,400 രൂപ ഒരു മടിയും കൂടാതെ ഉടമയെ തേടിപ്പിടിച്ചു നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് പുന്നക്കാട് പുല്‍വെട്ട റോഡിനു സമീപത്തെ ലോട്ടറിക്കടയ്ക്ക് അടുത്തുവച്ചാണ് ചന്ദ്രമോഹന് പണം വീണുകിട്ടിയത്. നോമ്പുതുറ സമയമായതിനാല്‍ റോഡ് വിജനമായിരുന്നു. പണം എന്തുചെയ്യണമെന്നറിയാതെ ചന്ദ്രമോഹന്‍ ആദ്യം തുക എണ്ണി നോക്കി.

Read Also: എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍

നേരെ വീട്ടിലെത്തി ഭാര്യ സതിയെ വിവരമറിയിച്ചു. ഉടന്‍തന്നെ രണ്ടുപേരും കൂടി പണത്തിന്റെ ഉടമയെ കണ്ടെത്താന്‍ വാര്‍ഡ് അംഗം എകെ സക്കീനയുടെ അടുത്തെത്തുകയായിരുന്നു. സക്കീന സമൂഹമാധ്യമങ്ങള്‍ വഴി വിവരം നല്‍കിയാണ് വ്യാപാരിയായ എടി.സലാമിന്റേതാണ് പണമെന്നു കണ്ടെത്തിയത്.

പിറ്റേ ദിവസം തന്നെ ചന്ദ്രമോഹന്‍ സക്കീനയുടെ സാന്നിധ്യത്തില്‍ സലാമിന് തുക കൈമാറി. 5 വര്‍ഷമായി ചെമ്പന്‍കുന്ന് കോളനിയില്‍ ഭാര്യയും 2 മക്കളുമൊത്ത് വാടകവീട്ടില്‍ താമസിക്കുന്ന ചന്ദ്രമോഹന്‍ തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയാണ്. കൂലിപ്പണിക്കാരനാണ്.

Exit mobile version