പത്തനംതിട്ട: ആറൻമുള കോട്ടയിൽ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ പത്തനംതിട്ട ജില്ലാ സിഡബ്ലിയുസി ഏറ്റെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ ജന്മം നൽകിയ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നിഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് പറഞ്ഞു.
കണ്ടെത്തുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുക്കുകയും കുഞ്ഞിന്റെ താത്ക്കാലിക സംരക്ഷണം അവരേറ്റെടുത്തിട്ടുണ്ട് എന്നും രാജീവ് അറിയിച്ചു.
കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക. ഒരു കിലോ 300 ഗ്രാം തൂക്കമേയുള്ളൂ. കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യം ഭേദപ്പെടുന്ന മുറക്ക് ഡിസ്ചാർജ് ആയി വരികയും തുടർന്നുള്ള ദിവസങ്ങളിൽ തണലിൽ തന്നെ സംരക്ഷിക്കുകയും പേരിടൽ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപത്തെ കോട്ടയിൽ പ്രദേശത്തെ വീട്ടിലാണ് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ മൊഴി അനുസരിച്ചാണ് ചെങ്ങന്നൂർ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടി മരിച്ചുവെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്. എന്നാൽ ബക്കറ്റിൽ നിന്നും കണ്ടെത്തിയ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ്കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
Discussion about this post