കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിലെ പ്രതിയുടെ രേഖാ ചിത്രവുമായി പിടിയിലായ പ്രതിക്ക് രൂപസാദൃശ്യമില്ലെന്ന് വിമർശനം ഉയർന്നിരുന്നു. പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്ന തരത്തിലുള്ള ട്രോളുകൾക്ക് കേരള പോലീസ് മറുപടി നൽകുകയാണ്.
പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പോലീസ് പറയുന്നു. ദൃക്സാക്ഷികൾ പറഞ്ഞുകിട്ടുന്ന വിവരങ്ങൾ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പോലീസ് വിശദീകരിച്ചു.
ഫേസ്ബുക്ക് കമന്റിലൂടെയാണ് പോലീസിന്റെ വിശദീകരണം. അതേസമയം രേഖാചിത്രം ശരിയായിട്ടുള്ള നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നില്ല എന്നും പോലീസ് വിശദീകരിച്ചു.
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിൽ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ രേഖാചിത്രത്തിനെതിരേ പരിഹാസം ഉയർന്നിരുന്നു. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ നിരവധി പേർ രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടെയാണ് കേരളാ പോലീസ് പ്രതികരിക്കാൻ തയ്യാറായത്. അക്രമം നടക്കുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്ന ദൃക്സാക്ഷിയുടെ സഹായത്തോടെയായിരുന്നു പോലീസ് നേരത്തെ രേഖാചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാൻ കഴിയുന്നവർ പോലീസിനെ വിവരം അറിയിക്കണമെന്നും അറിയിപ്പുണ്ടായിരുന്നു. പ്രതിയുടെ കണ്ണുകളുൾപ്പടെ രേഖാചിത്രത്തിലെതുമായി സാമ്യമുള്ളതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
Discussion about this post