തിരുവനന്തപുരം: എലത്തൂരിൽ വെച്ച് ട്രെയിനിന് തീവെച്ച കേസിൽ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ മൂന്നാം ദിവസം തന്നെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജൻസ്, റെയിൽവെ അടക്കം സഹകരിച്ച മറ്റ് ഏജൻസികളെയും മുഖ്യമന്ത്രി അഭിനന്ദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
”ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേർ കൊല്ലപ്പെട്ടതും പത്തോളം പേർക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാൻ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്.
അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജൻസ്, റെയിൽവെ അടക്കം സഹകരിച്ച മറ്റ് ഏജൻസികളെയും അഭിനന്ദിക്കുന്നു.”
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പിടിയിലായ പ്രതി ഡൽഹിയിലെ ഷഹീൻബാഗ് സ്വദേശി ഷഹറൂഖ് സെയ്ഫിയെ രത്‌നഗിരിയിൽ നിന്നാണ് പിടികൂടിയത്. മുഖത്തടക്കമേറ്റ പരിക്കിന് ചികിത്സ തേടാനെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തീവണ്ടിയിൽ നിന്നും പരിസരത്തുനിന്നും കണ്ടെടുത്ത കുറിപ്പുകളും മൊബൈൽഫോണിൽ ഉപയോഗിച്ച സിംകാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേരള എടിഎസും പോലീസും ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു.