ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പിടിയിലായ പ്രതി ഷഹറൂഖ് സെയ്ഫി ഡൽഹിയിലെ ഷഹീൻബാഗിൽ നിന്നും കാണാതായ വ്യക്തിയെന്ന് സ്ഥിരീകരിച്ചു. രത്നഗിരിയിൽ പിടിയിലായ ഇയാൾ തന്നെയാണ് മാർച്ച് 30 മുതൽ കാണാതായ ഷഹറൂഖ് എന്നാണ് സ്ഥിരീകരണം.
പോലീസും കേരള എ.ടി.എസും ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. രത്നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു.
തീവെപ്പിന് പിന്നാലെ തീവണ്ടിയിൽ നിന്നും പരിസരത്തുനിന്നും കണ്ടെടുത്ത കുറിപ്പുകളും മൊബൈൽഫോണിൽ ഉപയോഗിച്ച സിംകാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള എടിഎസും പോലീസും ഇയാളുടെ വീട്ടിലേക്ക് എത്തിയത്.
ഇവിടെ നിന്നും കിട്ടിയ നോട്ടുപുസ്തകങ്ങളടക്കം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. റെയിൽവേ ട്രാക്കിൽനിന്ന് കിട്ടിയ കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടിലെ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഷഹറൂഖ് കേരളത്തിൽ പോയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ഷാരൂഖിന്റെ പിതാവിന്റെ പ്രതികരണം. കേരളവുമായി കുടുംബത്തിന് ഒരു ബന്ധവുമില്ല. തെന്നിന്ത്യയൻ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ മകൻ യാത്ര ചെയ്തിട്ടില്ലെന്നും മരപ്പണിക്കാരനായ മകൻ ആ ജോലിക്കായി സ്ഥാപനത്തിലേക്കാണ് പോയതെന്നുമാണ് പിതാവിന്റെ മൊഴി.
തന്റെ മകൻ കുറ്റക്കാരനാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. അതിൽ തങ്ങൾക്ക് എതിർപ്പില്ല. കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയതോടെയാണ് സംഭവമെല്ലാം അറിയുന്നത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി ശിക്ഷ ലഭിക്കണമെന്നും പിതാവ് പ്രതികരിച്ചു.
Discussion about this post