പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയെ തടഞ്ഞവര്‍ക്കെതിരെ പ്രതികരണവുമായി യുവതി രംഗത്ത്. ‘ താന്‍ അയ്യപ്പ ഭക്തയാണെന്നും തന്നെ തടഞ്ഞവര്‍ക്കുള്ള മറുപടി അയ്യപ്പന്‍ നല്‍കുമെന്നും ശ്രീലങ്കയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ശശികല പ്രതികരിച്ചു. താന്‍ ആരാണെന്ന് വൈകാതെ മനസ്സിലാവുമെന്നും അവര്‍ പറഞ്ഞു.
’47 നാള്‍ വൃതം എടുത്താണ് ഞാന്‍ എത്തിയത്. എന്നെ എന്തിനാണ് അവര്‍ തടയുന്നത്. എന്റെ കൈയ്യില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. അവര്‍ കളിക്കുന്നത് അയ്യപ്പനോടാണ്. ഞാന്‍ അയ്യപ്പ ഭക്തയാണ് അവര്‍ പറഞ്ഞു.
എനിക്കാരെയും ഭയമില്ല. ദൈവവിശ്വാസമുള്ളവളാണ് ഞാന്‍. ബാക്കിയുള്ളവരെ പോലെ അഭിനയിക്കുന്നവളല്ല. ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് വൈകാതെ മനസ്സിലാവുമെന്നും അവര്‍ ആവര്‍ത്തിച്ചു.
47 വയസായ ശശികല ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. മരക്കൂട്ടം വരെയെത്തിയ ശേഷമാണ് യുവതിയും കുട്ടിയും തിരിച്ചിറങ്ങിയത്. ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പോലീസിനെ ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് തടയുകയും പ്രായത്തെക്കുറച്ച് ചിലര്‍ അന്വേഷണം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുകയാണുണ്ടായത്.