മണ്ണാർക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധുവിനെ മോഷണം ആരോപിച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പ്രതിപ്പട്ടികയിലുള്ള 16 പേരിൽ രണ്ടുപേരെ വെറുതെ വിട്ടു. കേസിലെ 4,11 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
മധുവിന്റെ കൊലക്കേസിൽ സാക്ഷികളിൽ പലരും വിചാരണക്കിടെ കൂറുമാറിയിരുന്നു. ഈ കേസിലാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി വിധി പറയുന്നത്. നാലും 11-ഉം പ്രതികൾ ഒഴികെ മറ്റു പ്രതികളായ ഹുസൈൻ, ഷംസുദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, അബ്ദുൾകരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
നാലാം പ്രതി അനീഷ്, 11-ാം പ്രതി മരയ്ക്കാർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. മധുവിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കുറ്റമാണ് നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി മരയ്ക്കാർക്കെതിരെ ചുമത്തിയിരുന്നത് മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കുറ്റമാണ്.
Discussion about this post