മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ബഹിഷ്‌കരണം പ്രൈം ടൈം ചര്‍ച്ചയിലും! ബിജെപി-ആര്‍എസ്എസ് നേതാക്കളെ ‘പുറത്തിട്ട്’ ചര്‍ച്ച, ഇതും ചരിത്രം!

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍, മാതൃഭൂമി ന്യൂസ്, തുടങ്ങിയ ചാനലുകളില്‍ ചര്‍ച്ചയില്‍ ബിജെപി നേതാക്കളെ വിളിച്ചിരുന്നില്ല.

കൊച്ചി: യുവതീപ്രവേശനം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് ബിജെപി-സംഘപരിവാര്‍ വ്യാപക അക്രമമാണ് അഴിച്ചു വിടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വന്‍ പ്രതിഷേധവും ആക്രമണവുമാണ് അരങ്ങേറിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ബിജെപിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രൈ ടൈം ചര്‍ച്ചയിലും ബിജെപിയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍, മാതൃഭൂമി ന്യൂസ്, തുടങ്ങിയ ചാനലുകളില്‍ ചര്‍ച്ചയില്‍ ബിജെപി നേതാക്കളെ വിളിച്ചിരുന്നില്ല. സംഘപരിവാര്‍ ഹര്‍ത്താലിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രൈം ടൈം ചര്‍ച്ചകള്‍ നടന്നത്. മീഡിയാ വണ്‍ ചാനലിലെ സ്പെഷ്യല്‍ എഡിഷന്‍ എന്ന പ്രൈം ടൈം ചര്‍ച്ച തങ്ങള്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവതാരകന്‍ ആരംഭിച്ചത്.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല എന്നിവരുടെ വാര്‍ത്താസമ്മേളനമാണ് ബഹിഷ്‌കരിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് കെയുഡബ്ല്യൂജെ മാര്‍ച്ച് നടത്തിയിരുന്നു. ബിജെപിയുടെ സമരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചു.

Exit mobile version