കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പോലീസ് നോയിഡയിലെത്തി.
കോഴിക്കോട് റെയില്‍വേ പോലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പോലീസ് നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.
കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എഡിജിപി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ സംഘത്തില്‍ ക്രൈം ബ്രാഞ്ച് ലോക്കല്‍ പോലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയില്‍ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുളളത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി ബെന്നി, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റെയില്‍വേ ഇന്‍സ്പെക്ടര്‍മാരും ലോക്കല്‍ സബ് ഇന്‍സ്പെക്ടര്‍മാരും ടീമിലുണ്ട്.
എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം ദേശീയപാതയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അക്രമി തീയിട്ട രണ്ട് ബോഗികളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള ഫൊറന്‍സിക് സംഘമാണ് പരിശോധന നടത്തിയത്.
ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തിയത്. ഡി1 ബോഗിയിലാണ് കൂടുതലും പെട്രോളൊഴിച്ച് കത്തിച്ചതിന്റെ പാടുകളുണ്ടായിരുന്നത്. ഈ കോച്ചിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള സീറ്റിലാണ് തീ പടര്‍ന്നത്. ഡി2 കോച്ചില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ അക്രമിയുടേതാണോ ആക്രമണത്തില്‍ പരുക്കേറ്റവരുടേതാണോ എന്ന് ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയും.
പ്രതി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഷെഹറുഫ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഇയാള്‍ കസ്റ്റഡിയിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പടെ ഇത് നിഷേധിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ട്രെയിനില്‍ അക്രമം നടന്നത്. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം.