രാജകുമാരി: സ്കൂളുകള്‍ പരീക്ഷ കഴിഞ്ഞ് വേനലവധിക്കായി അടച്ചെങ്കിലും അധ്യാപകര്‍ക്ക് വിശ്രമമില്ല. കുട്ടികള്‍ അവധി ആഘോഷത്തിലേക്ക് കടന്നപ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് പുതിയ കുട്ടികളെ ശ്രമത്തിലാണ് അധ്യാപകര്‍. സ്വകാര്യ-ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ പെരുകുന്ന കാലത്ത് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ കൃത്യമായി പ്ലാനിങ്ങുകള്‍ തയ്യാറാക്കുകയാണ് അധ്യാപകര്‍.
അത്തരത്തിലെ ഒരു പരീക്ഷണ പോസ്റ്ററാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എല്‍പി സ്കൂളാണ് സിനിമാ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ലേലം സിനിമയിലെ ‘നേരാ തിരുമേനി ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ല.’ എന്ന ഹിറ്റ് ഡയലോഗ് ഉള്‍പ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയത്.
‘മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്…സ്കൂളില്‍ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എല്‍പി സ്കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന് ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്.
അധ്യാപകര്‍ തന്നെ മുന്‍കൈ എടുത്താണ് ഈ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രചാരണം.
കഴിഞ്ഞ അധ്യയന വര്‍ഷം തസ്തിക പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ പുതിയ അധ്യാപക തസ്തികകള്‍ അംഗീകരിച്ചിട്ടില്ല. ഇനി അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ ഡിവിഷന് നിലനിര്‍ത്താനായി അധ്യാപകര്‍ക്ക് കുട്ടികളെ എത്തിക്കേണ്ടത് ചുമതലയായി മാറി.
Discussion about this post