കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരാള്‍ നിരന്തരം ഫോണ്‍ ചെയ്യുന്നതും ഇരുചക്രവാഹനത്തില്‍ കയറി പോവുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എലത്തൂരിലെ റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള ഒരു പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങളാണിത്.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ പശ്ചാത്തലത്തില്‍ തീവ്രവാദ വിരുദ്ധ സക്വാഡും എന്‍ഐഎയും പ്രാഥമിക അന്വേഷണത്തിനൊരുങ്ങുന്നതായാണ് വിവരം.
Read Also: നോമ്പ് തുറന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ സംഭവം: കണ്ണീരായി റഹ്‌മത്തും സഹ്‌റയും
അതിനിടെ ട്രെയിനിലുണ്ടായിരുന്ന റാഷിക്ക് എന്ന യാത്രക്കാരന്റെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. റാഷിക്ക് ഫറൂഖ് സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ അക്രമിയും ട്രെയിനിലുണ്ടായിരുന്നു. ഏറെ നേരും ഇരുവരും അഭിമുഖമായി ഇരുന്നതിനാല്‍ റാഷിക്കിന്റെ സഹായത്തോടെ പ്രതിയുടെ മുഖം വ്യക്തമാകുന്ന രേഖാ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പൂര്‍ത്തിയായി കഴിഞ്ഞാല്‍ രേഖാചിത്രം ഉടന്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. അട്ടിമറി എന്ന നിഗമനത്തിലേക്കു തന്നെയാണ് പോലീസ് എത്തുന്നത്. സാഹചര്യത്തെളിവുകള്‍ കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.