കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോളിച്ച് തീ കൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിന് ശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബൈക്കില്‍ കയറി രക്ഷപ്പെട്ടത് ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാളെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. കണ്ണൂര്‍ ഭാഗത്തേക്കാണ് ബൈക്ക് പോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു
എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍ വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടിടിആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ട്രാക്കില്‍ കണ്ടെത്തി. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.