ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീ: മൂന്ന് പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായവര്‍ മരിച്ചനിലയില്‍. മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ്. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തും സഹോദരിയുടെ മകള്‍ സഹറ(2)യും നൗഫീഖും ആണ് മരിച്ചത്. തീപടര്‍ന്നപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയവരാണ് മരിച്ചതെന്നാണ് നിഗമനം. അതേസമയം മരിച്ച റഹ്‌മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്.

സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തിനുശേഷം അക്രമി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.

ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടിടിആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്‌ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്സാക്ഷി മൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്‌മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.

Exit mobile version