ഇരിങ്ങാലക്കുട: അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ഇന്നസെന്റിന് അന്ത്യവിശ്രമത്തിൽ കൂട്ടായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ കല്ലറയിലും. പ്രശസ്ത കഥാപാത്രങ്ങളായ മാന്നാർ മത്തായിയും യശ്വന്ത് സഹായിയും കാബൂളിവാലയിലെ കന്നാസും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനുമെല്ലാം കല്ലറയിൽ കൊത്തിവെച്ച മാർബിൾ പാളിയിൽ കൊത്തിവെച്ചിരിക്കുകയാണ്. അദ്ദേഹം അനശ്വരമാക്കിയ ഒട്ടുമിക്ക കഥാപാത്രങ്ങളും കല്ലറയിൽ പതിപ്പിച്ചിട്ടുണ്ട്.
മുപ്പതോളം കഥാപാത്രങ്ങളാണ് സെന്റ് തോമസ് കത്തീഡ്രലിന്റെ കിഴക്കേ സെമിത്തേരിയിലെ കല്ലറയിലെ പാളിയിൽ നിറഞ്ഞിരിക്കുന്നത്. ഇന്നസെന്റിന്റെ പേരക്കുട്ടികളായ ഇന്നസന്റ് ജൂനിയറിന്റെയും അന്നയുടെയും ആശയമായിരുന്നു അപ്പാപ്പന്റെ മികച്ച കഥാപാത്രങ്ങളെ കല്ലറയിൽ പകർത്തണം എന്ന്.
തുടർന്നാണ് കാബൂളിവാല, മിഥുനം, രാവണപ്രഭു, ഇഷ്ടം, ഫാന്റം പൈലി, ദേവാസുരം, റാംജിറാവ് സ്പീക്കിങ്, മന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, പാപ്പി അപ്പച്ചാ, മണിച്ചിത്രത്താഴ്, സന്ദേശം തുടങ്ങിയ സിനിമകളിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളെ ഗ്രാനൈറ്റിൽ എൻഗ്രേവ് ചെയ്തത്. എകെപി ജംക്ഷന് സമീപമുള്ള ടച്ച് എൻഗ്രേവ് ഉടമ രാധാകൃഷ്ണനാണ് ചിത്രങ്ങൾ കൊത്തിയെടുത്തത്.ഇന്നലെ ഏഴാം ചരമ ദിനത്തിന്റെ ചടങ്ങുകൾ കല്ലറയിൽ നടന്നിരുന്നു.