കോഴിക്കോട്: 5 മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപാലം സ്വദേശിനി അസ്മിനയുടെ മരണത്തിലാണ് പോലീസ് നടപടി. അസ്മിനയുടെ ഭർത്താവ് ജംഷീർ, ഭർതൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് 13നാണ് 5 മാസം ഗർഭിണിയായ അസ്മിനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നാലെ, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷൻ സമിതി രൂപീകരിച്ചു. ഇതിനു പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റു ചെയ്തത്. അതേസമയം, അസ്മിനയുടേത് കൊലപാതകമെന്ന ആരോപണവും ഉയരുന്നുണ്ട്.