ബെല്‍സ് പാള്‍സി രോഗത്തെ അതിജീവിച്ച് സ്‌റ്റേജ് ഷോയില്‍ തിരിച്ചെത്തി മിഥുന്‍ രമേശ്. ഒരു മാസത്തെ ചികിത്സയ്ക്ക് ഒടുവില്‍ മിഥുന്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്റ്റേജ് ഷോയില്‍ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുന്‍.
കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയില്‍ ആണ് മിഥുന്‍ അവതാരകനായി എത്തിയത്. കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റര്‍ടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു ഇത്.
‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം. സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാടു നന്ദി’, എന്നാണ് പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മിഥുന്‍ കുറിച്ചു.
കഴിഞ്ഞ മാസം ആദ്യമാണ് താന്‍ ബെല്‍സ് പാഴ്‌സി രോഗത്തിന് ചികിത്സ തേടിയെന്ന് മിഥുന്‍ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകള്‍.
അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അങ്ങനെ ആരും ഇനി ചെയ്യരുത്. അസുഖം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മരുന്ന് കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേര്‍ക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാന്‍ പറ്റാതെയാകും. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് എനിക്ക്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
അസുഖം പിടിപെട്ടയുടന്‍ ചികിത്സിച്ചാല്‍ നൂറ് ശതമാനവും ബെല്‍സ് പാള്‍സി മാറും. കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാന്‍ പറ്റുന്നില്ലായിരുന്നു.
മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകള്‍ മുഴുവന്‍ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്’, എന്നാണ് രോഗത്തെ കുറിച്ച് മിഥുന്‍ വിശദീകരിച്ചിരുന്നത്.
Discussion about this post